കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചു. എസ്.പി എം.ജെ സോജൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈ.എസ്.പി സി.എസ് ഹരിയാണ് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി കൈമാറിയ ഉദ്യോഗസ്ഥരുടെ പട്ടിക പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സംഘത്തലവനെയും സംഘത്തെയും അന്തിമമായി തീരുമാനിച്ചത്.
വിജിലൻസ് ഇൻസ്പെക്ടർമാരായ എ.എസ് സജി ശങ്കർ, എസ് ശ്രീജിത്ത്, ടി.ആർ കിരൺ, ആർ.എസ് രതീന്ദ്രകുമാർ എന്നിവരും അടങ്ങുന്നതാണ് ഹൈക്കോടതി നിശ്ചയിച്ച അന്വേഷണ സംഘം. എസ്.പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജൻ, ആർ ബിനു എന്നിവരുടെ പേരുകളാണ് വിജിലൻസ് സമർപ്പിച്ച പട്ടികയിലുണ്ടായിരുന്നത്.
ശബരിമലയിലെ നെയ് ക്രമക്കേട് അന്വേഷിക്കാൻ മികച്ച ഉദ്യോഗസ്ഥരുടെ സംഘം തന്നെ വേണമെന്ന് മുൻപ് ദേവസ്വം ബെഞ്ച് നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക കോടതിക്ക് മുന്നിൽ കൈമാറിയത്.
കേസ് പ്രഥമദൃഷ്ട്യാ അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, പൂർണ്ണമായും സുതാര്യമായ അന്വേഷണം നടക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം കൃത്യമായി ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും, വിവരങ്ങളൊന്നും യാതൊരു കാരണവശാലും പുറത്തുപോകരുതെന്നും കോടതി വിജിലൻസ് സംഘത്തിന് മുന്നറിയിപ്പ് നൽകി. സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ഹൈക്കോടതി നേരിട്ട് ഇടപെട്ടത്.
ശബരിമലയിലേക്ക് മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ വിതരണം ചെയ്ത നെയ്യ് മറിച്ചുവിറ്റു എന്നാണ് കേസ്. കോടതിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാവൂ എന്നും ഉത്തരവിലുണ്ട്.
