ഗസ: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും സൈനിക പിന്മാറ്റത്തിലും വൻ തിരിമറികൾക്ക് വഴിതുറന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം. ഹമാസ് പൂർണ്ണമായും നിരായുധീകരണം നടത്താതെ ഗസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂർണ്ണമായി ആയുധം വെച്ചു കീഴടങ്ങിയെന്നും ഇസ്രായേൽ ഇനി ഗസയിൽ നിന്ന് പിന്മാറണമെന്നുമുള്ള ട്രംപിന്റെ സമീപകാല പ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് അതിന് വിപരീതമായ നിലപാടുമായി നെതന്യാഹു രംഗത്തെത്തിയത്. ഇതോടെ ട്രംപ് ഭരണകൂടവും ഇസ്രായേലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടമായിരിക്കുകയാണ്.
ഗസയുടെ 60 ശതമാനത്തോളം ഭാഗങ്ങളിൽ നിലവിൽ നിയന്ത്രണമുള്ള ഇസ്രായേൽ ആക്രമണം നിർത്തിവെച്ച് പിന്മാറണമെന്നും ഹമാസ് പൂർണ്ണമായി ആയുധം ഉപേക്ഷിക്കണമെന്നുമായിരുന്നു മുൻ ധാരണകൾ. വലിയ തോതിലുള്ള സൈനിക നടപടികൾ അവസാനിപ്പിക്കാനും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും നിർദ്ദേശിച്ച ഒക്ടോബറിലെ വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആയുധം ഉപേക്ഷിച്ച് യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നേരിടുന്ന നെതന്യാഹു നിരായുധീകരണമെന്ന കർശന ഉപാധിയിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നുമുണ്ട്.
അതിനിടെ, ഗസയിൽ വീണ്ടും കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 2023 നവംബർ 22-ന് ഗസ സിറ്റിയിലെ സാബ്ര പ്രദേശത്തെ പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറിലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച പ്രദേശവാസികൾ കൂട്ടസംസ്കാരം നടത്തി. മുന്നൂറിലധികം പേർ കൊല്ലപ്പെട്ട അറ്റവും ദാരുണമായ ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ 40 മൃതദേഹങ്ങൾ മാത്രമേ കണ്ടെത്താനായിരുന്നുള്ളൂ.
സിവിൽ ഡിഫൻസ് നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ 40 കുട്ടികളുടേത് അടക്കം 112 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾക്കിടയിൽ ഇനി 157 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
