Home Sportsകോപ്പ ദെ ബ്രസീലിൽ നെയ്മറുടെ അഴിഞ്ഞാട്ടം; ‘അവനൊരു തെമ്മാടിയും കോമാളിയും’, തുറന്നടിച്ച് എതിർ ക്ലബ് അധ്യക്ഷൻ

കോപ്പ ദെ ബ്രസീലിൽ നെയ്മറുടെ അഴിഞ്ഞാട്ടം; ‘അവനൊരു തെമ്മാടിയും കോമാളിയും’, തുറന്നടിച്ച് എതിർ ക്ലബ് അധ്യക്ഷൻ

by news_desk
0 comments

റിയോ ഡി ജെനീറോ: കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ റെമോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സാൻ്റോസ് ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, മത്സരശേഷമുണ്ടായ നാടകീയ സംഭവവികാസങ്ങളിൽ വൻ വിവാദത്തിലകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. ഗ്രൗണ്ടിലും മിക്സഡ് സോണിലും എതിർ ടീം കളിക്കാരുമായും ആരാധകരുമായും വാക്കേറ്റത്തിലേർപ്പെട്ട നെയ്മറെ ‘തെമ്മാടി’ എന്നും ‘കോമാളി’ എന്നും പരസ്യമായി അധിക്ഷേപിച്ച് റെമോ ക്ലബ് പ്രസിഡൻ്റ് ആൻ്റണിയോ കാർലോസ് ടെക്സീറ രംഗത്തെത്തി.

റെമോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലുടനീളം ഗാലറിയിൽ നിന്ന് നെയ്മർക്കെതിരെ കടുത്ത കൂവലുകളും അധിക്ഷേപങ്ങളും ഉയർന്നിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. മത്സരം അവസാനിച്ചതിന് പിന്നാലെ മിക്സഡ് സോണിലൂടെ മടങ്ങവേ, എതിർ ടീം ആരാധകരെയും ഉദ്യോഗസ്ഥരെയും നോക്കി ടൂർണമെൻ്റിൽ നിന്ന് “പുറത്തായി… പുറത്തായി…” എന്ന് നെയ്മർ അലറിവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്.

സംഭവത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് റെമോ പ്രസിഡൻ്റ് ആൻ്റണിയോ കാർലോസ് ടെക്സീറ പ്രതികരിച്ചത്:

“സാൻ്റോസിന് ജയിക്കാൻ ഇങ്ങനെയുള്ള ചീപ്പ് കളികളുടെ ആവശ്യമില്ല. കൊച്ചുകൂട്ടികൾ വരെ ആരാധിക്കുന്ന ആ തെമ്മാടി നെയ്മർ ഇവിടെ വന്ന് കോമാളിത്തരം കാണിക്കുകയും ഞങ്ങളെ പ്രകോപിപ്പിക്കുകയുമായിരുന്നു. ഇവനെപ്പോലൊരു തെമ്മാടിയെ ആരാധിക്കുന്നതിന് നമ്മളെത്തന്നെ വേണം കുറ്റം പറയാൻ.”

— ആൻ്റണിയോ കാർലോസ് ടെക്സീറ (റെമോ ക്ലബ് പ്രസിഡൻ്റ്)

വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും സാൻ്റോസുമായുള്ള തൻ്റെ കരാർ ഡിസംബറിൽ അവസാനിക്കാനിരിക്കെ സ്വന്തം ഭാവിയെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ലെന്ന് നെയ്മർ വെളിപ്പെടുത്തി. തൽക്കാലം കരാർ പൂർത്തിയാക്കുക മാത്രമാണ് ലക്ഷ്യമെന്നും അതിനുശേഷം സാൻ്റോസിൽ തുടരണമോ, മറ്റ് ക്ലബ്ബിലേക്ക് മാറണമോ അതോ ഫുട്ബോളിൽ നിന്ന് വിരമിക്കണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഒരു യൂട്യൂബ് ചാനലിലൂടെ നെയ്മർ വ്യക്തമാക്കി.

You may also like