വാഷിങ്ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. ശത്രുക്കൾക്കെതിരെ പ്രയോഗിക്കാൻ കഴിയുന്ന ആയുധങ്ങളാണ് ഭ്രമണപഥത്തിലുള്ളതെന്നാണ് അമേരിക്കൻ വ്യോമസേനാ സെക്രട്ടറി ട്രോയ് മെയിങ്കിന്റെ അവകാശവാദം. എന്നാൽ ആയുധത്തിന്റെ സ്വഭാവമോ ശേഷിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാൻ ഭ്രമണപഥത്തിൽ ആയുധങ്ങൾ ആവശ്യമാണെന്ന് ട്രോയ് മെയിങ്ക് പറഞ്ഞു. വളർന്നുവരുന്ന ഭീഷണികളെ നേരിടാൻ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
എയർ ആൻഡ് സ്പേസ് അസോസിയേഷന്റെ സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് വ്യോമസേനാ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന അമേരിക്കയുടെ പ്രഖ്യാപനം ആഗോളതലത്തിൽ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ബഹിരാകാശത്ത് വിനാശകരമായ ആണവായുധങ്ങളോ മറ്റ് വിനാശകരമായ ആയുധങ്ങളോ സ്ഥാപിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ ലംഘനമാണ്. 1967ലെ ഔട്ടർ സ്പേസ് ഉടമ്പടിയാണ് ഇതുസംബന്ധിച്ച അടിസ്ഥാന ചട്ടം.
എന്നാൽ ബഹിരാകാശത്ത് എല്ലാത്തരം ആയുധങ്ങളും സ്ഥാപിക്കുന്നത് ഉടമ്പടി പൂർണമായി നിരോധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. ഈ നിയമപരമായ പഴുത് ഉപയോഗിച്ചാകാം അമേരിക്കയുടെ നീക്കമെന്നും സംശയമുണ്ട്.
ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ആയുധം ഏത് തരത്തിലുള്ളതാണെന്ന് ട്രോയ് മെയിങ്ക് വ്യക്തമാക്കിയിട്ടില്ല. ആയുധത്തിന്റെ ശേഷിയെക്കുറിച്ചോ എപ്പോഴാണ് അത് ഭ്രമണപഥത്തിൽ സ്ഥാപിച്ചതെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
