ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. പണം അയയ്ക്കുന്നവരിൽനിന്നോ സ്വീകരിക്കുന്നവരിൽനിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു തരത്തിലുള്ള ചാർജും ഈടാക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.
പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമം, 2007ലെ പത്താം വകുപ്പ് എ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രം നിർദേശം പുറപ്പെടുവിച്ചത്. റൂപേ, ഡെബിറ്റ് കാർഡ്, 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ എന്നിവ ഇലക്ട്രോണിക് രീതിയിലുള്ള പണമിടപാടുകളായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കുള്ള യുപിഐ സേവനം സൗജന്യമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ടാക്സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്മെന്റ് ബില്ലിന് പിന്നാലെ യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
അതേസമയം, 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഓഗസ്റ്റിലാണ് പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കുന്നതിനുള്ള മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കൊണ്ടുവന്നത്. എം.ഡി.ആർ. നിലവിൽ വന്നാൽ അതിന്റെ ഒരു ഭാഗം ഇടപാടിൽ ഉൾപ്പെട്ട ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാവിനും ലഭിക്കും.
എന്നാൽ ഉപഭോക്താക്കളിൽനിന്നും വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കും ചാർജ് ഈടാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്.
2019 അവസാനം വരെ ഓരോ വ്യക്തി–വ്യാപാരി ഇടപാടിനും 0.3 ശതമാനം തുകയായിരുന്നു എം.ഡി.ആർ. എന്നാൽ 2020 ആദ്യം മുതൽ എല്ലാ യുപിഐ ഇടപാടുകൾക്കും എം.ഡി.ആർ. നിർത്തിവെച്ചിരുന്നു. എം.ഡി.ആർ. വീണ്ടും കൊണ്ടുവരുന്നതിനായി ഒരു മാസം മുമ്പ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.
