Home Nationalഅദാനി പവർ പ്ലാന്റിൽ തകരാർ; ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം, രാജ്യവ്യാപക ലോഡ്‌ഷെഡ്ഡിങ്

അദാനി പവർ പ്ലാന്റിൽ തകരാർ; ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം, രാജ്യവ്യാപക ലോഡ്‌ഷെഡ്ഡിങ്

by news_desk1
0 comments

ധാക്ക: അദാനി പവർ പ്ലാന്റിലെ ഒരു യൂണിറ്റ് നിലച്ചതോടെ ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഝാർഖണ്ഡിലെ ഗൊദ്ദയിലുള്ള അദാനി പവറിന്റെ 1,600 മെഗാവാട്ട് താപവൈദ്യുത നിലയത്തിലെ ഒരു യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. വെള്ളിയാഴ്ച ഉണ്ടായ തകരാറിന് പിന്നാലെ രാജ്യത്തുടനീളം ലോഡ്‌ഷെഡ്ഡിങ് വർധിച്ചു.

ഇന്ധനക്ഷാമം മൂലം നേരത്തെ തന്നെ വൈദ്യുതി ഉൽപ്പാദനത്തിൽ ബംഗ്ലാദേശ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. രാജ്യത്ത് 136 വൈദ്യുതി നിലയങ്ങളുണ്ടെങ്കിലും കൽക്കരി, ഗ്യാസ്, എണ്ണ എന്നിവയുടെ രൂക്ഷമായ ക്ഷാമം കാരണം ആവശ്യത്തിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ധന ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. ഇതോടെ നിരവധി വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പൂർണമായോ ഭാഗികമായോ നിർത്തിവെക്കേണ്ടിവന്നു.

അദാനി പവർ പ്ലാന്റിലുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രശ്നം പരിഹരിക്കാൻ മൂന്ന് മുതൽ നാല് ദിവസം വരെ വേണ്ടിവരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

ബോയിലറിലുണ്ടായ തകരാർ പരിഹരിക്കുന്നതിന് മുമ്പ് അത് തണുക്കാൻ തന്നെ ഏകദേശം 48 മണിക്കൂർ വേണ്ടിവരും. അതിനാൽ വൈദ്യുതി ഉൽപ്പാദനം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് പവർ ഗ്രിഡ് കമ്പനിയിലെയും ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിലെയും (ബിപിഡിബി) ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

അദാനി പവറും ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡും തമ്മിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത് 2017ലാണ്. നിലവിലെ തകരാർ രാജ്യത്തെ നേരത്തെയുള്ള വൈദ്യുതി പ്രതിസന്ധിക്ക് കൂടുതൽ സമ്മർദം സൃഷ്ടിച്ചിരിക്കുകയാണ്.

You may also like