കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികളിൽ ഒരാളുടെ ബന്ധുവാണ് പരാതിക്കാരിയായ യുവതി. ലഹരി നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് മറ്റ് പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് നാല് പേരെയും പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.
