തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സ്വകാര്യ ബസ് ഉടമകൾ. പദ്ധതി ഉപജീവനമാർഗം പ്രതിസന്ധിയിലാക്കിയെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളുടെ ആരോപണം.
പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് കഴിയുന്ന 60,000 കുടുംബങ്ങൾ ദുരിതത്തിലായെന്ന് സമരക്കാർ പറഞ്ഞു. സർവീസുകൾ നിർത്തിവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ ആരോപിച്ചു. പലതവണ ഗതാഗത മന്ത്രിയെ നേരിൽക്കണ്ട് പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
തങ്ങളുടെ കുടുംബങ്ങളിലും സ്ത്രീകളുണ്ടെന്നും അവരുടെ ജീവിതവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമരക്കാർ പറഞ്ഞു. അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി തൽക്കാലം ബസ് സർവീസുകൾ നിർത്തിവയ്ക്കില്ലെന്നും അവർ അറിയിച്ചു.
യാത്രക്കാർ സ്വകാര്യ ബസുകളെ പൂർണമായും കൈവിടുന്ന സാഹചര്യമാണുള്ളതെന്ന് ബസ് ഉടമകൾ ആരോപിച്ചു. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
