പാലക്കാട്: യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പ്രൊവിത് ദാസ്. 35കാരിയായ യുവതിയെയും നാല് വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രൊവിത് ദാസ്.
പശ്ചിമ ബംഗാളിൽവച്ചാണ് പ്രൊവിത് ദാസും യുവതിയും പരിചയപ്പെടുന്നത്. യുവതിയുടെ ഭർത്താവ് മംഗളൂരുവിലേക്ക് ജോലിക്ക് പോയ സമയത്ത് പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു.
കോട്ടത്തറ ആശുപത്രിയിൽ യുവതി ഗർഭിണിയാണോ എന്നറിയുന്നതിനായി പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനാഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഗർഭധാരണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് പ്രതിയുടെ മൊഴി.
ഇരുവരും മദ്യപിച്ച് വഴക്കുണ്ടായെന്നും ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി വെളിപ്പെടുത്തി. തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തുന്നത് കണ്ടുനിന്ന നാല് വയസുള്ള കുഞ്ഞിനെയും പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.
അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
