പാലക്കാട്: മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണി ജീവനെടുത്തതായി സംശയം; ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ 51-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാറിനെയാണ് ഇന്നലെ രാത്രി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് സതീഷ് കുമാറിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകൾ പൊലീസ് കണ്ടെത്തി. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ചിരുന്ന വൈദ്യുതി വയറുകളാണ് പൊലീസ് കണ്ടെടുത്തത്.
മീൻപിടിക്കുന്നതിനിടെയാകാം സതീഷ് കുമാറിന് വൈദ്യുതാഘാതമേറ്റതെന്നാണ് കരുതുന്നത്. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ ലഭിക്കൂ.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
