തൃശൂർ: പതിനാലുകാരിക്ക് എംഡിഎംഎ നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും കുഴൽപ്പണം തട്ടിയെടുക്കാൻ ഉപയോഗിച്ചെന്നും പരാതിയെത്തുടർന്ന് സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. കല്ലൂർ ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ പോക്സോ കേസിലും അമലിന്റെ സഹോദരൻ അതുൽ കൃഷ്ണ (25) കുഴൽപ്പണം തട്ടിയെടുക്കാൻ പെൺകുട്ടിയെ ഉപയോഗിച്ചെന്ന കേസിലുമാണ് അറസ്റ്റിലായത്.
2023 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതികൾ ലഹരിമരുന്നിന് അടിമയാക്കി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത പ്രതിയാണ് പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തിയതെന്നും തുടർന്ന് ഇരുവരും ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നുമാണ് ആരോപണം.
സംഭവം നടന്ന സമയത്ത് പ്രായപൂർത്തിയാകാത്ത സുഹൃത്തും അമൽ കൃഷ്ണയും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയും വള, കമ്മൽ, മൂക്കുത്തി എന്നിവയും അമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിച്ച പണവും കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പീഡനത്തിനിരയായ പെൺകുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്.
ഇതേ പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി വയനാട്ടിലെത്തിച്ച് കുഴൽപ്പണം തട്ടിയെടുക്കാൻ ഉപയോഗിച്ചെന്ന കേസിലാണ് അതുൽ കൃഷ്ണ അറസ്റ്റിലായത്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കൽപ്പറ്റയിലെത്തിച്ചാണ് കുഴൽപ്പണം തട്ടിയെടുക്കാൻ പെൺകുട്ടിയെ ഉപയോഗിച്ചതെന്നാണ് കേസ്. പുതുക്കാട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ എസ്.ഐ. ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അതുലിന്റെ അറസ്റ്റ്.
ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അമൽ കൃഷ്ണയെയും പ്രായപൂർത്തിയാകാത്ത പ്രതിയെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അമൽ കൃഷ്ണയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. അതുൽ കൃഷ്ണയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
