എടത്തിരുത്തി: സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പുതിയ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനും എടത്തിരുത്തി കുടുംബശ്രീ സി.ഡി.എസും കൈകോർക്കുന്നു. പദ്ധതിയുടെ ഭാഗമായി 2,46,42,000 രൂപയുടെ ബൾക്ക് ലോൺ വിതരണം പൂർത്തിയായി. കാളിക്കുട്ടി സ്മാരക നിലയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈനാ പ്രദീപ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും സി.ഡി.എസ് അയൽക്കൂട്ട അംഗങ്ങൾ വായ്പാ തുകയുടെ ചെക്ക് ഏറ്റുവാങ്ങുകയും ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ സുബൈദ അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് മുഖ്യാതിഥിയായി പങ്കെടുത്തു. പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ വേണുഗോപാൽ പദ്ധതിയുടെ വിശദാശംങ്ങൾ അവതരിപ്പിച്ചു.
ചടങ്ങിൽ മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീദേവി ദിനേഷ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം അമൽ ടി. പ്രേമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നൗമി പ്രസാദ്, ഐഷാബി മുഹമ്മദ്, കെ. കെ അജിതകുമാരി, കുടുംബശ്രീ ഐ.ബി.സി.ബി. ജില്ലാ പ്രോഗ്രാം മാനേജർ എം. എ. അജീഷ തുടങ്ങിയ പ്രമുഖർ സംബന്ധിച്ച് സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സ്വാതി സുജീഷ് സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് മെമ്പർ സെക്രട്ടറി സി. ഡി. ടെസ്സി ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.
