Home Kerala‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; ചെക്ക് കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ

‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; ചെക്ക് കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ

by news_desk1
0 comments

കൊച്ചി: ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചു. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും നിയമസഭാ സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്നാണ് ഹർജിയിലെ ആരോപണം.

പാലാ നിയമസഭാ സീറ്റ് മാണി സി കാപ്പൻ ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ മാണി സി കാപ്പന് ലഭിക്കുന്ന എംഎൽഎ ആനുകൂല്യങ്ങൾ തടയണമെന്നും ദിനേശ് മേനോൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിയമസഭാ സ്പീക്കർക്കും ദിനേശ് മേനോൻ പരാതി നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിൽ മാണി സി കാപ്പൻ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. നാല് കേസുകളിലായി മാണി സി കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും കോടതി വിധിച്ചിരുന്നു. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത വരുമെന്നാണ് പരാതിക്കാരന്റെ വാദം.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി മാണി സി കാപ്പന് ഓരോ കേസിലും ഒരു വർഷം വീതം തടവുശിക്ഷ വിധിച്ചത്. വിധി പ്രസ്താവിക്കുമ്പോൾ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.

അതേസമയം, കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചത് മാണി സി കാപ്പന് ആശ്വാസമായി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നായിരുന്നു നടപടി. ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ നീക്കം.

You may also like