Home Localസിപിഎം നേതാവിന്റെ വീടിന് നേരെ മൂന്ന് സ്ഫോടക വസ്തുക്കൾ; മഴക്കോട്ടിട്ട് ബൈക്കിലെത്തിയ അക്രമികൾക്കായി അന്വേഷണം

സിപിഎം നേതാവിന്റെ വീടിന് നേരെ മൂന്ന് സ്ഫോടക വസ്തുക്കൾ; മഴക്കോട്ടിട്ട് ബൈക്കിലെത്തിയ അക്രമികൾക്കായി അന്വേഷണം

by news_desk1
0 comments

തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

ചിറയിൻകീഴ് പുതുക്കരി അവിട്ടം വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. മഴക്കോട്ട് ധരിച്ചെത്തിയ അക്രമികൾ ബോംബിന് സമാനമായ മൂന്ന് സ്ഫോടക വസ്തുക്കളാണ് വീടിന് നേരെ എറിഞ്ഞത്. ഇതിൽ രണ്ടെണ്ണം ഗേറ്റിനുള്ളിൽ വീണ് പൊട്ടിയപ്പോൾ ഒന്ന് സിറ്റൗട്ടിൽ വീണെങ്കിലും പൊട്ടിയില്ല. ഇതോടെ വൻ അപകടമാണ് ഒഴിവായത്.

സംഭവസമയം ബീജയുടെ ഭർത്താവ് സുരേഷും 13 വയസുള്ള മകളും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. സ്ഫോടനശബ്ദം കേട്ട് ഭയന്ന വീട്ടുകാർ പുറത്തേക്കിറങ്ങിയില്ല. കുറച്ചുസമയത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ ചിലർ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുന്നതായി കണ്ടെത്തിയത്. തുടർന്ന് ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

You may also like