സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ 240 കോടി രൂപ പിന്നിട്ട ചിത്രമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തിച്ചത് ന്യൂ സൂര്യ ഫിലിംസാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ, മികച്ച ഗാനങ്ങൾ എന്നിവ കോർത്തിണക്കിയ ഗംഭീര ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ രചനയും സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.
