Home Top Stories‘കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള നീക്കമോ?’; സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി എം എം മണി

‘കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള നീക്കമോ?’; സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി എം എം മണി

by news_desk1
0 comments

ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ വൈദ്യുതി മന്ത്രി എം എം മണി. സർക്കാരിന് ദീർഘവീക്ഷണമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മണി ആരോപിച്ചു. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ തട്ടാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം വിവിധ കരാറുകളിലൂടെ വാങ്ങുകയാണ് ചെയ്യുന്നത്. താൻ മന്ത്രിയായിരുന്ന കാലത്താണ് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതെന്നും വരാനിടയുള്ള പ്രതിസന്ധി മുൻകൂട്ടി കണ്ടെത്തി പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എം എം മണി ചൂണ്ടിക്കാട്ടി.

വലിയ വെള്ളപ്പൊക്കമുണ്ടായപ്പോഴും മഴ ലഭിക്കാതെ വന്നപ്പോഴും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കാണുമ്പോൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ തട്ടാനുള്ള ശ്രമമാണോ സർക്കാർ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് മണിയുടെ ആരോപണം.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ പത്ത് വർഷം എങ്ങനെയാണ് വൈദ്യുതി പ്രതിസന്ധിയില്ലാതെ കടന്നുപോയതെന്ന് എം എം മണി ചോദിച്ചു. താൻ കാര്യങ്ങൾ പഠിച്ച ശേഷമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും കാര്യങ്ങൾ മനസിലാക്കി വേണ്ടവിധം പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും മണി കുറ്റപ്പെടുത്തി. ഇപ്പോൾ വേണമെങ്കിലും വൈദ്യുതി വാങ്ങാൻ ലഭിക്കുമെന്നും വൈദ്യുതി ലഭ്യമല്ലെന്ന് സർക്കാർ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു.

കൃത്രിമ കരാറുണ്ടാക്കി കമ്മീഷൻ തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസിന് അതിൽ കമ്മീഷൻ ലഭിക്കുമെന്നും പരിഹസിച്ച മണി, ഭരിക്കാൻ അറിയില്ലെങ്കിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഗവർണർക്ക് ഭരണം ഏൽപ്പിക്കണമെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

തന്റെ കാലമാണ് മികച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള സാമൂഹികമാധ്യമ പ്രതികരണങ്ങളോടും എം എം മണി പ്രതികരിച്ചു. അത് ആ സർക്കാരിന്റെ പ്രത്യേകതയായിരുന്നുവെന്നും താൻ മാത്രമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ മുഖ്യമന്ത്രി മുൻ വൈദ്യുതി മന്ത്രികൂടിയായിരുന്നതിനാൽ അദ്ദേഹത്തിന് നല്ല ദീർഘവീക്ഷണമുണ്ടായിരുന്നുവെന്നും താൻ അത് പ്രായോഗികമാക്കാൻ ശ്രമിച്ചതോടെയാണ് പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞതെന്നും മണി പറഞ്ഞു. പള്ളിയിലും അമ്പലത്തിലും പോയി വഴിപാട് കഴിച്ചാൽ മഴയുണ്ടാകില്ലെന്നും മഴക്കുറവ് ഉൾപ്പെടെയുള്ള സാഹചര്യം മുൻകൂട്ടി കണ്ട് പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

You may also like