Home Top Stories‘പിണറായിയുടെയും വീണയുടെയും പേര് പറയണം’; സുഹൃത്തിനെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് മുഹമ്മദ് റിയാസ്

‘പിണറായിയുടെയും വീണയുടെയും പേര് പറയണം’; സുഹൃത്തിനെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് മുഹമ്മദ് റിയാസ്

by news_desk1
0 comments

കോഴിക്കോട്: പിണറായി വിജയന്റെയും മകൾ വീണയുടെയും പേര് പറയാൻ സുഹൃത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിക്കെതിരെ റിയാസ് ഗുരുതര ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ 18ന് തന്റെ സുഹൃത്ത് ഹസ്സൻ വാരിസിനെ ഇഡി ചോദ്യം ചെയ്തെന്നും അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെന്നും റിയാസ് പറഞ്ഞു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുഹൃത്തിന്റെ ഒരു ബിസിനസിൽ പിണറായി വിജയന് ഇടപാടുണ്ടെന്ന് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാണ് റിയാസിന്റെ ആരോപണം. പിണറായി വിജയനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി ബന്ധമില്ലെന്നും സുഹൃത്ത് വ്യക്തമാക്കിയതായി റിയാസ് പറഞ്ഞു.

സുഹൃത്തിന്റെ ഭാര്യാപിതാവുമായി ബന്ധമില്ലേയെന്നും പിണറായി വിജയന്റെ അടുത്തേക്ക് സുഹൃത്ത് കൊണ്ടുപോകാറില്ലേയെന്നും ഇഡി ഉദ്യോഗസ്ഥർ ചോദിച്ചതായും റിയാസ് ആരോപിച്ചു. കൊണ്ടുപോകാറില്ലെന്ന് മറുപടി നൽകിയതോടെ വീണയുടെ പേര് പറയാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

വീണയെ രണ്ടോ മൂന്നോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അവരുടെ പേര് പറയാൻ കഴിയില്ലെന്നും സുഹൃത്ത് പറഞ്ഞതായും റിയാസ് വ്യക്തമാക്കി. ഇതിന് പിന്നാലെ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ മകളെ പ്രതിയാക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

‘പ്രിന്ററിൽ അമർത്തിയാൽ മകൾ പ്രതിയാകും’ എന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതായും റിയാസ് ആരോപിച്ചു. സ്വന്തം മകളെ രക്ഷിക്കണോ അതോ മറ്റൊരാളുടെ മകളെ രക്ഷിക്കണോ എന്ന് സുഹൃത്തിനോട് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു.

You may also like