Home Keralaസ്വകാര്യ ബസിൽ ജോലിക്ക് ഇനി പിസിസി വേണം; ജീവനക്കാർക്ക് കർശന നിബന്ധനയുമായി എംവിഡി

സ്വകാര്യ ബസിൽ ജോലിക്ക് ഇനി പിസിസി വേണം; ജീവനക്കാർക്ക് കർശന നിബന്ധനയുമായി എംവിഡി

by news_desk1
0 comments

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി). യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.

പിസിസിയില്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ നിരവധി സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ് എംവിഡി റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനകളിൽ ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെയും കൈവശം പിസിസി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്.

സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, യാത്രക്കാരോടും കാൽനടയാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡിലെ നിയമലംഘനങ്ങൾ തുടങ്ങിയ പരാതികളാണ് എംവിഡിയുടെ ഇടപെടലിന് കാരണം.

You may also like