Home Top Storiesചിറയിൻകീഴ് കയ്യാങ്കളിക്കേസ്: രമ്യാ ഹരിദാസിന് കടുത്ത നടപടി ഇല്ല; പരസ്യ താക്കീത് നൽകിയേക്കും

ചിറയിൻകീഴ് കയ്യാങ്കളിക്കേസ്: രമ്യാ ഹരിദാസിന് കടുത്ത നടപടി ഇല്ല; പരസ്യ താക്കീത് നൽകിയേക്കും

by news_desk1
0 comments

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതൃത്വം. അന്വേഷണസമിതി റിപ്പോർട്ട് ഉടൻ പാർട്ടി നേതൃത്വത്തിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രമ്യാ ഹരിദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സാധ്യത. അന്വേഷണസമിതി അധ്യക്ഷൻ എം.എം. ഹസൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.

കയ്യാങ്കളിയുടെ ഭാഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത് മുട്ടപ്പാലത്തിനെതിരെയും നടപടി കടുപ്പിക്കില്ലെന്നാണ് വിവരം. നിലവിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാർട്ടി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നടപടി ഇവരിൽ ഒതുങ്ങാനാണ് സാധ്യത.

കയ്യാങ്കളി വിവാദത്തിൽ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ ആദ്യഘട്ടത്തിൽ രമ്യാ ഹരിദാസ് തയ്യാറായിരുന്നില്ല. പാലക്കാട് ആയിരുന്ന രമ്യാ ഹരിദാസ്, നടപടി ചർച്ചയായതോടെ ചൊവ്വാഴ്ച മുതൽ മണ്ഡലത്തിൽ സജീവമാവുകയും ഇന്നലെ എം.എം. ഹസനെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ‘എല്ലാം പാർട്ടി പറയും’ എന്നായിരുന്നു രമ്യാ ഹരിദാസിന്റെ പ്രതികരണം.

കഴിഞ്ഞയാഴ്ചയാണ് ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പി.എയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കത്തിന് തുടക്കമായത്. പ്രദീപ് യോഗത്തിൽ പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദേശം നൽകുകയും ചെയ്തതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുണ്ടായിരുന്നു.

യോഗത്തിൽ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങൾ എംഎൽഎ പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

You may also like