Home Keralaജനകീയ ഹോട്ടലുകൾക്ക് സബ്സിഡി അരി, കർഷകർക്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം; ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ

ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി അരി, കർഷകർക്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം; ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ

by news_desk
0 comments

തിരുവനന്തപുരം: ജനകീയ ഹോട്ടലുകളിലെ സബ്സിഡി അരി വിതരണം, നെൽ കർഷകർക്കുള്ള സംഭരണ തുക വിതരണം, അരിമില്ലുടമകൾക്ക് നൽകാനുള്ള കുടിശ്ശിക തുടങ്ങിയ പ്രസക്ത വിഷയങ്ങളിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം ചേരുകയും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.

സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസമാകുന്ന ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ അരി തുടർന്നും ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ അടിയന്തരമായി പരിശോധിക്കാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നെൽ കർഷകരുടെ നീണ്ടനാളത്തെ ആവശ്യത്തിന് പരിഹാരമായി, നെല്ല് സംഭരണത്തിന് ശേഷമുള്ള തുക ഇടനിലക്കാരില്ലാതെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് പഠിക്കാനും യോഗം തീരുമാനിച്ചു. കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നബാർഡുമായി (NABARD) സഹകരിച്ച് പുതിയ പദ്ധതി ആവിഷ്കരിക്കാനും തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇതിനായുള്ള ചർച്ചകൾ നടത്താൻ ഭക്ഷ്യ, കൃഷി വകുപ്പ് സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി.

ഇതിനുപുറമെ, സംസ്ഥാനത്തെ അരിമില്ലുകാർക്ക് ഔട്ട് ടേൺ റേഷ്യോ (OTR) ഇനത്തിൽ നൽകാനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദമായ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കാനും നിർദ്ദേശം നൽകി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കൃഷി മന്ത്രി ടി. സിദ്ധീഖ് എന്നിവരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

You may also like