കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ സർക്കാരിനെതിരെ രംഗത്ത്. മകന് പകരം ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർനടപടികളുണ്ടായില്ലെന്നും സർക്കാരിൽനിന്ന് നിരന്തര അവഗണനയാണ് നേരിടുന്നതെന്നും രേഷ്മ പറഞ്ഞു.
ജോലിയുടെ കാര്യത്തിൽ മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും തീരുമാനമുണ്ടായിട്ടില്ലെന്നാണ് രേഷ്മയുടെ ആരോപണം. ബന്ധപ്പെട്ടവരെ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ലെന്നും അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.
തങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ജോലി നൽകണമെന്ന ആവശ്യത്തിൽ ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നും ഗൗതം കൃഷ്ണന്റെ അമ്മ വ്യക്തമാക്കി.
