Home Keralaപി.എസ്.സി ക്രമക്കേട്: 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടന്നില്ല; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്

പി.എസ്.സി ക്രമക്കേട്: 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടന്നില്ല; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്

by news_desk1
0 comments

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തി ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി ശുപാർശ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി.എസ്.സി നടപടി സ്വീകരിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി വേണമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തത്. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ ഈ കത്ത് പി.എസ്.സിക്ക് കൈമാറും.

പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഈ രണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മൂല്യനിർണയ ചുമതല ഇവർക്കായിരുന്നു. എന്നാൽ സാങ്കേതിക പിഴവ് മൂലമാണ് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

അതേസമയം, സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്നതിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

You may also like