Home Keralaവൈദ്യുതി നിയന്ത്രണം കടുക്കും; ഇന്ന് മുതൽ മുന്നറിയിപ്പ്, പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

വൈദ്യുതി നിയന്ത്രണം കടുക്കും; ഇന്ന് മുതൽ മുന്നറിയിപ്പ്, പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഇന്ന് മുതൽ മുന്നറിയിപ്പ് നൽകുമെന്നും ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഏകോപനക്കുറവ് മൂലമാണെന്നും അദ്ദേഹം വിമർശിച്ചു. ചിറയിൻകീഴ് കയ്യാങ്കളി സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. പലയിടത്തും മുന്നറിയിപ്പില്ലാതെ രാത്രിയിൽ പലതവണ വൈദ്യുതി മുടങ്ങുന്നതിൽ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധവും വിമർശനവും ഉയരുന്നുണ്ട്.

കൊല്ലത്ത് കെഎസ്ഇബി ഓഫീസിന് മുന്നിൽ മെഴുകുതിരി അത്താഴം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. കൊല്ലം തെന്മല ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ ഇടമൺ-തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഈ മാസം 15നകം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം കെഎസ്ഇബി തള്ളി. സെപ്റ്റംബർ മാസത്തിലും പ്രതിസന്ധി രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. 15നകം പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും വൈദ്യുതി ഉപയോഗം വർധിച്ചതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

പീക്ക് സമയത്ത് 1,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നേരിടുന്നത്. ഇത് മറികടക്കാൻ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. മഴ ലഭിച്ചാൽ നേരിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാതെ അധിക വൈദ്യുതി ലഭ്യമാകില്ലെന്നും അതുവരെ നിയന്ത്രണം തുടരുമെന്നും കെഎസ്ഇബി പറയുന്നു.

പവർകട്ട് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. അമിതമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15ഓടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

You may also like