Home Top Storiesഡൽഹി ഹോസ്റ്റൽ തകർന്നുണ്ടായ അപകടം; ഒരാൾ കൂടി അറസ്റ്റിൽ

ഡൽഹി ഹോസ്റ്റൽ തകർന്നുണ്ടായ അപകടം; ഒരാൾ കൂടി അറസ്റ്റിൽ

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്ന കോൺട്രാക്ടർ സനോജിനെയാണ് ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സനോജിനെ ഉടൻ ഡൽഹിയിലെത്തിക്കും.

ഹോസ്റ്റൽ ലീസിനെടുത്ത സുധാൻശു ഒളിവിലാണ്. കെട്ടിട ഉടമയ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഇയാൾ നൽകിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കെട്ടിടം ലീസിന് നൽകിയത്. മഴയെ തുടർന്ന് വെള്ളവും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനാൽ കഴിഞ്ഞ പത്തുദിവസത്തോളമായി കെട്ടിടത്തിന്റെ ബേസ്മെന്റിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. ഏറ്റവും താഴത്തെ നിലയിലും നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു.

കേസിലെ പ്രതികളായ കെട്ടിട ഉടമ ഹരിറാമിനെയും ഭാര്യ ഊർമിളയെയും ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ മകൻ മഹേഷ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. സംഭവദിവസം പ്രദേശവാസികളിൽനിന്ന് വിവരം അറിഞ്ഞതിനെ തുടർന്ന് മഹേഷും കുടുംബവും രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് മാറിയിരുന്നു. അവിടെ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. അസി. സബ് ഇൻസ്പെക്ടർ പ്രഫുൽ തോപ്പോയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച തകർന്ന കെട്ടിടത്തിൽ ‘ഹോസ്റ്റൽ ഡേസ്’ എന്ന പേരിൽ ആൺകുട്ടികൾക്കായി പി.ജി. സൗകര്യം ഒരുക്കിയിരുന്നു. 15 മുറികളുണ്ടായിരുന്ന ഇവിടെ ഒരു മുറിയിൽ രണ്ട് മുതൽ മൂന്ന് വിദ്യാർഥികൾ വരെയാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ മെഡിക്കൽ ഷോപ്പും പ്രവർത്തിച്ചിരുന്നു. മോത്തിലാൽ നെഹ്റു കോളജ്, ആത്മാ റാം സനാതൻ ധർമ കോളജ്, ശ്രീ വെങ്കടേശ്വര കോളജ് എന്നിവിടങ്ങളിൽ പഠിക്കുന്നവരായിരുന്നു താമസക്കാരിലേറെയും. ഒരാളിൽ നിന്ന് പ്രതിമാസം 12,000 രൂപ വരെ വാടക ഈടാക്കിയിരുന്നതായാണ് പുറത്തുവരുന്ന വിവരം.

You may also like