കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായ മലയാളികളെക്കുറിച്ചും പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊന്നാനി സ്വദേശിയായ ഡോക്ടർ ശ്രീധരൻ അയ്യരുടെയും കുടുംബത്തിന്റെയും ബന്ധുക്കൾ നേപ്പാളിൽ തുടരുകയാണ്.
കാണാതായ ഇന്ത്യക്കാരിൽ ആരെങ്കിലും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള ഫോറൻസിക് സംഘം ഇതിനകം 1200 ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേപ്പാൾ സർക്കാർ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ്.
ആകെ 275 ഇന്ത്യക്കാരെയാണ് കാണാതായതെന്ന് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതിൽ 49 പേരെ കാണാതായത് ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ ഭാഗത്തുനിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
