കോട്ടയം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികൾക്കെതിരെ കടുത്ത ആക്രണം അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക ആഘോഷ വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
കരുവന്നൂർ സഹകരണ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ സർക്കാരും പാർട്ടിയും ശക്തമായ നടപടിയെടുത്തിരുന്നു. എന്നാൽ, തട്ടിപ്പ് നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കുകയാണ് ഇ.ഡി ചെയ്തത്. ഇ.ഡി മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയിപ്പിച്ച് ഇവരിൽ നിന്ന് സ്റ്റേറ്റ്മെന്റുകൾ വാങ്ങി. അത് വലിയ തെളിവാണെന്ന് വരുത്തിതീർത്ത് സി.പി.ഐ.എമ്മിനെ പ്രതിയാക്കാനും തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെ മുഴുവൻ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുമാണ് കേന്ദ്ര ഏജൻസി ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, സി.എം.ആർ.എൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവിനും മറ്റ് പ്രമുഖ നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്ന ഇ.ഡി കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തിരക്കിട്ട് നടപടികളിലേക്ക് കടക്കില്ല. നിയമോപദേശവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിശദമായി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ. സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറ്റപ്പെടുത്തി.
