Home Keralaആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ, പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി കത്ത്

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ, പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി കത്ത്

by news_desk1
0 comments

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തിയുമായി പിഎസ്‌സി അംഗങ്ങൾ. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് അംഗങ്ങളുടെ തീരുമാനം. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും.

ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിൽ നിയമോപദേശം തേടാനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ചോദ്യം ചെയ്യൽ എവിടെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് നിയമവൃത്തങ്ങളുടെ നിലപാട്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിലെ അംഗങ്ങൾക്ക് ക്രിമിനൽ ചട്ടപ്രകാരം പ്രത്യേക പരിരക്ഷയുണ്ടെന്നും നിയമവൃത്തങ്ങൾ പറയുന്നു.

അന്വേഷണം ഉന്നതതലത്തിലേക്ക്

സെപ്റ്റംബർ 15 മുതൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം പിഎസ്‌സി ചെയർമാൻ എം. ആർ. ബൈജുവിനെയും ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.

രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പി. സതീഷ് ഒന്നര വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ചിരുന്നു.

മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ആരെയെങ്കിലും സഹായിക്കാനുള്ള ഉദ്ദേശത്തോടെ ഉദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് പിഴവാണോ, അതോ ആസൂത്രിത ഗൂഢാലോചന നടന്നതാണോ എന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ആദ്യമായാണ് പ്രത്യേക അന്വേഷണ സംഘം ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

You may also like