Home Keralaകുട്ടികളുടെ നിശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികളുടെ നിശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണ

by news_desk1
0 comments

തിരുവനന്തപുരം: കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ തുടക്കത്തിൽ തിരിച്ചറിഞ്ഞ് അവരെ കുറ്റപ്പെടുത്താതെ കേൾക്കാൻ കുടുംബവും വിദ്യാലയവും സമൂഹവും തയ്യാറാകണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് ആരംഭിച്ച ‘Let’s Talk, Let’s Listen, Let’s Support’ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 10 വരെയാണ് ക്യാമ്പയിൻ.

കുട്ടികൾക്ക് തുറന്നുസംസാരിക്കാനും സഹായം തേടാനും സുരക്ഷിതമായ ഇടങ്ങൾ ഒരുക്കേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു. പഠനസമ്മർദം, പരീക്ഷാപരാജയം, കുടുംബപ്രശ്‌നങ്ങൾ, അമിതമായ രക്ഷാകർതൃ പ്രതീക്ഷകൾ, ബന്ധങ്ങളിലെ പ്രതിസന്ധികൾ, ഏകാന്തത, സൈബർ ബുള്ളിയിങ്, അമിതമായ സാമൂഹികമാധ്യമ ഉപയോഗം, ഓൺലൈൻ ഗെയിമിങ് എന്നിവ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി വകുപ്പ് വിലയിരുത്തുന്നു.

പെരുമാറ്റത്തിലും വികാരങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുക, വിധിക്കാതെ കേൾക്കുക, മാനസിക പിന്തുണ നൽകുക, ആവശ്യമായപ്പോൾ വിദഗ്ധ സേവനങ്ങളിലേക്ക് റഫർ ചെയ്യുക, തുടർപിന്തുണ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വനിതാ-ശിശു വികസന വകുപ്പിന്റെ ‘Our Responsibility to Children’ (ORC) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. ജീവിതനൈപുണ്യ വികസനം, അധ്യാപക പരിശീലനം, ബോധവത്കരണം, വിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറൽ എന്നിവയും ORC വഴി നടപ്പാക്കുന്നു.

ജീവിതനൈപുണ്യ വികസനം, വിദ്യാലയക്ഷേമം, രക്ഷാകർതൃ പങ്കാളിത്തം, സാമൂഹിക പങ്കാളിത്തം എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസലർമാർ, രക്ഷിതാക്കൾ, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ, പോലീസ്, ശിശുസംരക്ഷണ സംവിധാനങ്ങൾ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും. എല്ലാ ജില്ലകളിലുമുള്ള ജില്ലാ റിസോഴ്‌സ് സെന്ററുകൾ വഴി വിലയിരുത്തൽ, കൗൺസലിങ്, റഫറൽ, തുടർപിന്തുണ എന്നിവ ഏകോപിപ്പിക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കുമായി പരിശീലനവും സംഘടിപ്പിച്ചു. വനിതാ-ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി, ORC പ്രോഗ്രാം ഓഫീസർ ഹഫ്‌സീന എം.കെ., അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ആരോഗ്യ-ശിശുസംരക്ഷണ മേഖലകളിലെ വിദഗ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ORC, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ, ചൈൽഡ് ഹെൽപ് ലൈൻ, സ്കൂൾ കൗൺസലർമാർ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.

You may also like