Home Top Stories‘സ്വിച്ച് ഇട്ടതുപോലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകില്ല’; ജനങ്ങളുടെ സഹകരണം തേടി സണ്ണി ജോസഫ്

‘സ്വിച്ച് ഇട്ടതുപോലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകില്ല’; ജനങ്ങളുടെ സഹകരണം തേടി സണ്ണി ജോസഫ്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഏതെങ്കിലും ഒരു മാർക്കറ്റിൽ പോയി ഉടൻ വാങ്ങാവുന്ന കാര്യമല്ലെന്നും കരാറിൽ ഏർപ്പെടാൻ മാസങ്ങൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ദിവസാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാനുള്ള സംവിധാനമുണ്ടെങ്കിലും അവിടെയും ആവശ്യമായ വൈദ്യുതി ലഭ്യമല്ല. അഖിലേന്ത്യാ തലത്തിൽ തന്നെ വൈദ്യുതി ഉത്പാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിതരണം കുറയുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

സോളാർ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിൽ സംഭരിച്ച് ഉപയോഗിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. കേരളം സ്വന്തം നിലയിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശിൽ ഇത് 86 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

“അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഈ മേഖലയിൽ സാധ്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യർഥിക്കുകയാണ്. പ്രയാസം മനസ്സിലാക്കുന്നു. താനും സാധാരണക്കാരനായി ജീവിച്ച പൊതുപ്രവർത്തകനാണ്. ജനങ്ങളുടെ പ്രയാസങ്ങൾ അറിയാം,” സണ്ണി ജോസഫ് പറഞ്ഞു.

പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കും. അനുവദനീയമായ വിലയ്ക്ക് എവിടെനിന്നും വൈദ്യുതി വാങ്ങാൻ വകുപ്പ് തയ്യാറാണെന്നും ഇതിനുള്ള സാധ്യതകൾ തേടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വൈദ്യുതി വകുപ്പും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഏകോപനമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ആരോപണത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു.

“അദ്ദേഹത്തിന്റെ കാലത്തെ പിഴവാണ് അത്. അത് സമ്മതിക്കുന്നതിൽ എനിക്ക് നന്ദിയുണ്ട്,” എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

You may also like