ന്യൂഡൽഹി: ജാവലിൻ ത്രോയിൽ സ്വർണം നേടിയിട്ടും 12 സെന്റിമീറ്റർ വ്യത്യാസത്തിൽ അന്നു റാണിക്ക് ഐചി-നഗോയ ഏഷ്യൻ ഗെയിംസ് യോഗ്യത നഷ്ടമായി. ഏഷ്യാഡ് യോഗ്യത നേടാനുള്ള അവസാന കടമ്പയായ ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫൈനൽ സീരീസിലാണ് അന്നു റാണി 57.50 മീറ്റർ ദൂരം കണ്ടെത്തി സ്വർണം നേടിയത്. എന്നാൽ ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്ക് 57.62 മീറ്ററായിരുന്നു.
നാല് വർഷം മുമ്പ് ചൈനയിലെ ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായ അന്നു റാണിക്ക് ഇത്തവണ യോഗ്യതാ മാർക്ക് മറികടക്കാനായില്ല. ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫൈനൽ സീരീസിൽ വിജയിച്ചെങ്കിലും യോഗ്യതാ ദൂരം കണ്ടെത്താൻ കഴിയാത്തതിനാൽ ഏഷ്യൻ ഗെയിംസ് ടീമിൽ ഇടം ലഭിക്കില്ല.
ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫൈനൽ സീരീസിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് യോഗ്യത സംബന്ധിച്ച് നേരത്തെ വ്യക്തത നൽകിയിരുന്നുവെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്ലാനിങ് കമ്മിറ്റി ചെയർമാൻ ലളിത് കെ. ഭാനോട്ട് പറഞ്ഞു. മത്സരത്തിൽ വിജയിച്ചാലും യോഗ്യതാ മാർക്ക് മറികടക്കാത്ത താരങ്ങളെ ഏഷ്യാഡ് സംഘത്തിൽ ഉൾപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 14 മാസം പരിക്കിനെ തുടർന്ന് മത്സരരംഗത്തുനിന്ന് വിട്ടുനിന്ന അവിനാഷ് സാബ്ലെ ഏഷ്യാഡ് ടീമിലേക്ക് ശ്രദ്ധേയ തിരിച്ചുവരവ് നടത്തി. ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫൈനൽ സീരീസിലെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ യോഗ്യതാ മാർക്കോടെ സ്വർണം നേടി.
31കാരനായ സാബ്ലെ 8:32.39 സമയത്തിൽ ഒന്നാം സ്ഥാനത്തെത്തി. ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്ക് 8:36.57 ആയിരുന്നു. ഇതോടെ ഏഷ്യാഡ് ടീമിലേക്കുള്ള സാബ്ലെയുടെ സ്ഥാനം ഉറപ്പായി.
ഏഷ്യൻ ഗെയിംസിൽ തന്റെ പ്രധാന ഇനമായ 3000 മീറ്റർ സ്റ്റീപ്പിൾചേസിന് പുറമെ 5000 മീറ്റർ ഓട്ടത്തിലും സാബ്ലെ മത്സരിക്കുമെന്നാണ് സൂചന. ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ ഇരു ഇനങ്ങളിലും മത്സരിച്ച സാബ്ലെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടിയിരുന്നു.
