കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീർ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത കോഴിക്കോട് യൂത്ത് ലീഗ് സമാപന സമ്മേളന വേദിയാണ് മുനീർ ബഹിഷ്‌കരിച്ചത്. കോഴിക്കോട് ഉണ്ടായിരുന്നിട്ടും സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതാണ് ശ്രദ്ധേയമായത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെന്നാണ് വിവരം. എന്നാൽ പ്രഖ്യാപനം ഉണ്ടാകാതിരുന്നതാണ് മുനീറിനെ അതൃപ്തനാക്കിയതെന്നാണ് സൂചന.
മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുസ്‌ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കാബിനറ്റ് പദവി സംബന്ധിച്ച് ധാരണയായിരുന്നത്.
അതേസമയം, ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് വി എം സുധീരന്റെ പേരും നേരത്തെ ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അധ്യക്ഷനായിരുന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ മാതൃകയിൽ സുധീരനെ പരിഗണിച്ചിരുന്നെങ്കിലും പദവി ഏറ്റെടുക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. വർഷങ്ങൾക്ക് മുമ്പേ ഒരു പദവിയും വേണ്ടെന്ന് തീരുമാനിച്ചതാണെന്നും അതിൽ മാറ്റമില്ലെന്നുമായിരുന്നു സുധീരന്റെ നിലപാട്.
കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി ജെ ജോസഫിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കണമെന്ന ആവശ്യവും നേരത്തെ ഉയർന്നിരുന്നു.
