തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതി രാജ്യം വിടുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളിലും പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. ചാട്ടുകുളം–ചെമ്മണ്ണൂർ റോഡിലുള്ള ബെനിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. വീടിന് പരിസരത്ത് പോലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്.
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ ഐബക് എന്നിവരാണ് മരിച്ചത്.
പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
