തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2021-26 കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച സ്റ്റാഫ് അംഗങ്ങളുടെ പേരും വിശദാംശങ്ങളും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷം 84 ലക്ഷത്തിലധികം രൂപ സോഷ്യൽ മീഡിയ പരിപാലനത്തിന് മാത്രം ചെലവഴിച്ചെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്കായി 12 പേരെ നിയമിച്ചിരുന്നെന്നും സതീശൻ വിമർശിച്ചു.
അനുവദിക്കപ്പെട്ട പരിധിയിൽ കവിഞ്ഞ് പേഴ്സണൽ സ്റ്റാഫുകളെ യുഡിഎഫ് സർക്കാർ നിയമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് സതീശന്റെ പ്രതികരണം.
