ആശയായി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉർവശി. കരിയറിലെ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിലൊന്നിനെ കൃത്യമായ അഭിനയ നിയന്ത്രണത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് താരം. ഒട്ടേറെ അടരുകളിലൂടെ രൂപപ്പെടുത്തിയിരിക്കുന്ന ‘ആശ’യിലെ കഥാപാത്രം ഉർവശിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറുകയാണ്.
കയ്പേറിയ ഭൂതകാലമാണ് ആശയ്ക്കുള്ളത്. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായ അവർ പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ വളർത്തി വലുതാക്കി. ഭർത്താവിൽനിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും പീഡനങ്ങളും വലിയ മാനസിക ആഘാതം സൃഷ്ടിച്ചെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി അതിജീവിച്ച് മുന്നോട്ടുപോകുകയായിരുന്നു ആശ. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തും അവർ നേടിയെടുത്തു. എന്നാൽ ഒരു രാത്രിയിൽ സംഭവിക്കുന്ന ഒരു സംഭവം ആശയുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഭാവാഭിനയത്തിന്റെ ഒരു പാഠപുസ്തകം പോലെയാണ് ചിത്രത്തിൽ ഉർവശിയുടെ പ്രകടനം. ചില സന്ദർഭങ്ങളിൽ മാനസികനില തെറ്റിയതുപോലെ തോന്നിക്കുന്ന സ്വഭാവസവിശേഷതകളോടെയും മറ്റുചിലപ്പോൾ മക്കളെ ചേർത്തുപിടിക്കുന്ന അമ്മയായും പിന്നീട് പൊലീസിനോടും നിയമവ്യവസ്ഥയോടും ചങ്കൂറ്റത്തോടെ നിലകൊള്ളുന്ന സ്ത്രീയായും വ്യത്യസ്ത തലങ്ങളിലാണ് ആശയെ ഉർവശി അവതരിപ്പിച്ചിരിക്കുന്നത്.
ആശ ‘ഷമ്മിയുടെ അമ്മയോ’ എന്ന തരത്തിലുള്ള ചർച്ചകളും ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. ‘കുമ്പളങ്ങി നൈറ്റ്സി’ലെ ഷമ്മി എന്ന സൈക്കോ കഥാപാത്രം നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താൻ മാത്രമാണ് ശരിയെന്ന നാർസിസിസ്റ്റിക് വ്യക്തിത്വവും പുറമേ മാന്യനായി തോന്നുമ്പോഴും ഉള്ളിൽ ക്രൂരത ഒളിപ്പിക്കുന്ന സൈക്കോപതിക് സ്വഭാവവും വിഷലിപ്തമായ പുരുഷാധിപത്യ മനോഭാവവുമുള്ള ഷമ്മിയുടെ മാനസിക വ്യാപാരങ്ങൾ സിനിമാപ്രേക്ഷകർ ഏറെ ചർച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ആശയുടെ വ്യത്യസ്തമായ മാനസിക വ്യാപാരങ്ങളും സമാനമായ രീതിയിൽ പ്രേക്ഷക ചർച്ചകളിൽ ഇടം നേടുകയാണ്.
നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ‘ആശ’ മലയാളത്തിലെ മികച്ച ഡാർക്ക് സസ്പെൻസ് ത്രില്ലറുകളുടെ നിരയിലേക്ക് ചേർക്കാവുന്ന ചിത്രമാണ്. ഉർവശിക്കൊപ്പം ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ കരുത്താണ്.
മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും ഷാൻ മുഹമ്മദിന്റെ കൃത്യതയാർന്ന എഡിറ്റിംഗും ഗോവിന്ദ് വസന്ത ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ ശക്തമാക്കുന്നു. പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ വരിഞ്ഞുമുറുക്കുന്ന അനുഭവമാണ് ‘ആശ’ സമ്മാനിക്കുന്നത്.
