Home Entertainment‘അന്ന് പറഞ്ഞത് ആരും ഗൗരവമായി എടുത്തില്ല’; ‘ദൂരെ എവിടെയോ’ എന്ന് കരുതിയ ദുരന്തം നേപ്പാളിൽ കണ്ടെന്ന് എസ് ജെ സൂര്യ

‘അന്ന് പറഞ്ഞത് ആരും ഗൗരവമായി എടുത്തില്ല’; ‘ദൂരെ എവിടെയോ’ എന്ന് കരുതിയ ദുരന്തം നേപ്പാളിൽ കണ്ടെന്ന് എസ് ജെ സൂര്യ

by news_desk1
0 comments

നേപ്പാൾ ദുരന്തത്തെ പരാമർശിച്ച് പരിസ്ഥിതി മുന്നറിയിപ്പുമായി നടൻ എസ് ജെ സൂര്യ. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകം നേരിടുന്ന വലിയ ഭീഷണികളാണെന്ന് അദ്ദേഹം പറഞ്ഞു. ‘സർദാർ 2’ന്റെ തെലുങ്ക് പതിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പ്രതികരണം.

ആഗോളതാപനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് ഓസ്കർ വേദിയിൽ ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോ നടത്തിയ പരാമർശവും എസ് ജെ സൂര്യ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞുമലകൾ തേടിപ്പോയപ്പോൾ അവിടെ മഞ്ഞൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ഞുമലകളെല്ലാം ഉരുകിപ്പോയിരുന്നുവെന്നും ഡികാപ്രിയോ പറഞ്ഞതായി സൂര്യ ചൂണ്ടിക്കാട്ടി.

മനുഷ്യർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആഗോളതാപനത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അന്ന് ഡികാപ്രിയോ മുന്നറിയിപ്പ് നൽകിയിരുന്നു. മനുഷ്യർ കാടുകൾ നശിപ്പിച്ചുകൊണ്ടിരുന്നാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്താനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

“വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞത് നമ്മൾ അത്ര ഗൗരവമായി എടുത്തില്ല. അത് ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്നും നമുക്ക് കുഴപ്പമൊന്നുമില്ലെന്നുമാണ് നമ്മൾ കരുതിയത്. എന്നാൽ അടുത്തിടെ നേപ്പാളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ നമ്മൾ കണ്ടതാണ്,” എസ് ജെ സൂര്യ പറഞ്ഞു.

ഭാവിക്കും ഭൂമിക്കും ആവശ്യമായ ശക്തമായ സന്ദേശമാണ് സംവിധായകൻ പി എസ് മിത്രൻ ‘സർദാർ 2’ലൂടെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സർദാർ’ ആദ്യ ഭാഗത്തിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗവും അതിന്റെ അപകടങ്ങളും സംവിധായകൻ ചർച്ച ചെയ്തിരുന്നു. എന്നിട്ടും പലരും ഇതുവരെ മാറിയിട്ടില്ലെന്നും സൂര്യ പറഞ്ഞു.

“ഇതൊക്കെ എപ്പോഴോ എവിടെയോ സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ഈ അപകടം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് എന്ന ശക്തമായ മുന്നറിയിപ്പാണ് ‘സർദാർ 2’ലൂടെ വീണ്ടും നൽകുന്നത്,” അദ്ദേഹം പറഞ്ഞു.

കാർത്തിയാണ് ‘സർദാർ 2’ൽ നായകനായി എത്തുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് എസ് ജെ സൂര്യ അവതരിപ്പിക്കുന്നത്.

You may also like