Home Entertainmentസൈജു കുറുപ്പ് നായകനായ ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

സൈജു കുറുപ്പ് നായകനായ ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

by news_desk1
0 comments

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിച്ച് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിലെത്തും. ക്രൈം ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്റ്റിഗേറ്റീവ് സസ്‌പെൻസ് എന്നിവ കോർത്തിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നന്മയും അതിജീവനവും തമ്മിലുള്ള നേർത്ത അതിരുകളും സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിനെ തുടർന്നുള്ള ഉദ്വേഗജനകമായ അന്വേഷണവുമാണ് പ്രമേയം.

ചിത്രത്തിൽ സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. സത്യസന്ധതയുടെ പേരിൽ നിരന്തരം സസ്‌പെൻഷനും സ്ഥലംമാറ്റവും നേരിടേണ്ടിവരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവം അദ്ദേഹത്തെ സത്യാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും പുതിയ വഴികളിലേക്ക് നയിക്കുന്നതാണ് കഥാതന്തു. കുറ്റബോധം, അധികാര രാഷ്ട്രീയം, മനുഷ്യബന്ധങ്ങൾ, നീതിക്കായുള്ള പോരാട്ടം എന്നിവ കോർത്തിണക്കിയാണ് ചിത്രം മുന്നേറുന്നത്.

സൈജു കുറുപ്പിനൊപ്പം അസ്‌കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ‘കിനാവള്ളി’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വി. സാജനാണ് എഡിറ്റിംഗ്. രോഹിത് ഗോപാലകൃഷ്ണനാണ് സംഗീത സംവിധാനം.

ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവർ വരികൾ ഒരുക്കുന്നു. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

ഉദ്വേഗജനകമായ അന്വേഷണവും ശക്തമായ വൈകാരിക മുഹൂർത്തങ്ങളും സസ്‌പെൻസ് നിറഞ്ഞ കഥപറച്ചിലും ഒത്തുചേരുന്ന ‘ആരം’, മലയാളത്തിൽ വേറിട്ടൊരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രം സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

You may also like