Home Nationalടാർപോളിൻ ഷെഡിൽ പ്രസവിച്ച 44കാരിയും കുഞ്ഞും മരിച്ചു; ഗുരുതര ആരോപണങ്ങളുമായി ഭർത്താവ്

ടാർപോളിൻ ഷെഡിൽ പ്രസവിച്ച 44കാരിയും കുഞ്ഞും മരിച്ചു; ഗുരുതര ആരോപണങ്ങളുമായി ഭർത്താവ്

by news_desk1
0 comments

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44കാരിയും നവജാതശിശുവും മരിച്ചു. ആവശ്യമായ വൈദ്യസഹായം നിഷേധിച്ചതാണ് മരണത്തിന് കാരണമെന്നും കുടുംബത്തെ ബോണ്ടഡ് ലേബർമാരെപ്പോലെ ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഭർത്താവ് ആനന്ദ് (45) ആരോപിച്ചു. സംഭവത്തിൽ ആനന്ദിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആറ് മാസം മുൻപ് 20,000 രൂപ അഡ്വാൻസ് വാങ്ങിയാണ് ആനന്ദും ഭാര്യ തന്മൊഴിയും (44), 16 വയസ്സുള്ള മകനും 19 വയസ്സുള്ള മകളും മരുമകനുമടങ്ങുന്ന കുടുംബം അറുമുഖത്തിന്റെ തടിമില്ലിൽ മരംവെട്ട് ജോലിക്ക് ചേർന്നത്. ഗർഭിണിയായ ഭാര്യയ്ക്ക് ഭക്ഷണം വാങ്ങാൻ പണം ചോദിച്ചപ്പോൾ അറുമുഖം ഉപദ്രവിച്ചെന്നും ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും ആനന്ദ് പരാതിയിൽ പറയുന്നു. ജോലി പൂർത്തിയാക്കിയ ശേഷം പോയാൽ മതിയെന്നായിരുന്നു മറുപടി. വയറുവേദന അനുഭവപ്പെട്ടപ്പോൾ വേദനസംഹാരി നൽകാനാണ് നിർദേശിച്ചതെന്നും പരാതിയിലുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് ഷെഡിൽ തന്മൊഴിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് ബോധരഹിതയായി ശ്വാസം നിലയ്ക്കുകയുമായിരുന്നു. അറുമുഖത്തെ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തിയെങ്കിലും തന്മൊഴിയും കുഞ്ഞും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

മരണവിവരം പുറത്തറിയാതിരിക്കാൻ അറുമുഖം 2,000 രൂപ നൽകി മൃതദേഹം മാറ്റാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമം, കൊത്തടിമ സമ്പ്രദായ നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like