Home National14കാരിക്ക് നോട്ടീസ്; മജിസ്ട്രേറ്റിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

14കാരിക്ക് നോട്ടീസ്; മജിസ്ട്രേറ്റിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

by news_desk1
0 comments

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത 14 വയസ്സുകാരിക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിദ്യാർഥി പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനിൽക്കെയാണ് നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിദ്യാർഥിക്ക് നോട്ടീസ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെട്ടത്.

പ്രായപൂർത്തിയാകാത്ത ഒരാളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിസ്സാരമായി കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ പേരിൽ ഇരയെയോ അവരുടെ കുടുംബത്തെയോ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ നേരത്തെ റദ്ദാക്കുകയും രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ ഇനി നടപടിയെടുക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരിക്കെ, മജിസ്ട്രേറ്റ് എങ്ങനെയാണ് നോട്ടീസ് നൽകാൻ ധൈര്യപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു.

കുട്ടികൾക്കെതിരായ കേസുകൾ പിൻവലിച്ചതായി സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം ലോകം മുഴുവൻ അറിഞ്ഞിരുന്നതാണെന്നും എന്നിട്ടും മജിസ്ട്രേറ്റിന് എങ്ങനെയാണ് ആ ഉത്തരവ് തള്ളിക്കളയാനായതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

‘ആദ്യം കോടതിയലക്ഷ്യം നടന്നു, പിന്നീട് പിൻവലിച്ചു. കോടതിയലക്ഷ്യം അങ്ങനെ ഇല്ലാതാക്കാൻ കഴിയില്ല. ഇത് ഈ രാജ്യത്തെ പരമോന്നത കോടതിയുടെ മഹത്വത്തോടുള്ള അവഹേളനമാണ്’ എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട വസ്തുതകൾ രേഖാമൂലം സമർപ്പിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.

കോക്രോച്ച് ജനതാ പാർട്ടി ആസൂത്രണം ചെയ്ത ധർണയിൽ പങ്കെടുക്കാൻ സർവകലാശാലയിലെ സഹപാഠികളെ പ്രേരിപ്പിച്ചെന്നതാണ് 14കാരിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സുപ്രീം കോടതിയുടെ സെപ്റ്റംബർ ഒന്നിലെ വിധിക്ക് വിരുദ്ധമായാണ് നോട്ടീസ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷമായ പരാമർശങ്ങൾ.

You may also like