അഹമ്മദാബാദ്: ഗുജറാത്തിൽ ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിൽ പ്രകോപിതരായി 22-കാരിയെ പിതാവും സഹോദരനും ചേർന്ന് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. അഹമ്മദാബാദിലെ സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ ഫറൂഖ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം സംഭവം റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ആസൂത്രിത ശ്രമം നടത്തുകയായിരുന്നു.
ഓഗസ്റ്റ് 12-ന് രാത്രി സഹോദരൻ ഹാബിലിനൊപ്പം ബൈക്കിൽ പോകവേ അജ്ഞാത വാഹനം ഇടിച്ചുകയറി സോഫിയയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു പ്രതികൾ ആദ്യം പോലീസിന് നൽകിയ മൊഴി. തലയ്ക്ക് പിന്നിലും കാലിലും ആഴത്തിൽ പരിക്കേറ്റ യുവതി ഓഗസ്റ്റ് 13-ന് ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്. തുടക്കത്തിൽ പ്രതികളുടെ പരാതിയിൽ കേസ് എടുത്ത പോലീസ്, പിന്നീട് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അപകടമരണത്തിന് പിന്നിലെ ക്രൂരമായ ദുരഭിമാനക്കൊല പുറത്തുകൊണ്ടുവന്നത്.
സർക്കേജിലെ ഗെൽജിപുരയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് സഹോദരൻ ഹാബിൽ സോഫിയയെ എത്തിക്കുകയായിരുന്നു. തുടർന്ന് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ചുറ്റികയെടുത്ത് ഹാബിൽ സോഫിയയുടെ തലയ്ക്ക് മൂന്നുതവണ ശക്തിയായി അടിക്കുകയായിരുന്നു. ഈ സമയമത്രയും സഹായത്തിനായി പിതാവ് ഫറൂഖും സ്ഥലത്തുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡിലെത്തിച്ചാണ് വാഹനാപകടമെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ അരുംകൊലയുടെ ചുരുളഴിയുകയായിരുന്നു.
മൂന്നുമാസം മുമ്പാണ് സോഫിയയുടെയും ആൺസുഹൃത്തിൻ്റെയും വീഡിയോ പ്രചരിച്ചത്. സംഭവത്തിൽ യുവതിയെ താക്കീത് ചെയ്ത പിതാവും സഹോദരനും മറ്റുള്ളവരുമായി സംസാരിക്കുന്നതും വിലക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുടുംബത്തിൻ്റെ സൽപ്പേര് സൂക്ഷിക്കാൻ വേണ്ടി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട സോഫിയ ജുഹാപുരയിലെ ആശുപത്രി ജീവനക്കാരിയാണ്. പ്രതികളായ ഇരുവരും ഫാബ്രിക്കേഷൻ ബിസിനസുകാരാണ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
