ഹൽദ്വാനി: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത് മടങ്ങിയ പൊതുയോഗ വേദി തീവ്ര ഹിന്ദുത്വ സംഘടന ശുദ്ധീകരിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 8 പേർക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. അഭിഭാഷക നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വേദിയിൽ ശുദ്ധീകരണം നടത്തിയ സംഘടനയ്ക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.
ശ്രീരാം സേന എന്ന സംഘടനയാണ് ഖർഗെ സംസാരിച്ചു മടങ്ങിയ വേദിയിൽ ഗംഗാജലം തളിച്ച് ശുദ്ധീകരണ ചടങ്ങുകൾ നടത്തിയത്. സാംസ്കാരിക, ആധ്യാത്മിക പരിപാടികൾക്ക് മാത്രം ഉപയോഗിക്കുന്ന വേദിയിൽ രാഷ്ട്രീയ സമ്മേളനം നടത്തിയതിനാലാണ് ശുദ്ധീകരിച്ചതെന്നാണ് സംഘടനയുടെ വിചിത്ര വാദം. എന്നാൽ, താൻ ദളിതനായതുകൊണ്ടാണ് വേദി ശുദ്ധീകരിച്ച് അധിക്ഷേപിച്ചതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ഖർഗെ ആരോപിച്ചിരുന്നു.
കേസന്വേഷണം ഊർജ്ജിതമല്ലെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ദളിത് എം.പിമാർ പാർലമെന്റിന് മുന്നിൽ മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചു. കേസ് എടുത്ത വിവരം പോലീസ് സ്ഥിരീകരിച്ചതോടെയാണ് എം.പിമാർ സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ എം.പിമാർ പരാതി നൽകിയിരുന്നെങ്കിലും ഡൽഹിയിൽ ഇതുവരെ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
