പാലക്കാട്: അട്ടപ്പാടിയിൽ നാലുവയസ്സുകാരനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയും കേസിൽ അറസ്റ്റിലായ പ്രതിയും പശ്ചിമബംഗാളിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പോലീസ് അന്വേഷണത്തിൽ ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
മുപ്പതുകാരിയായ പ്രൊണിത രാജ്, ഇവരുടെ നാല് വയസ്സുള്ള മകൻ എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹഭാഗങ്ങൾ ചാക്കുകളിലാക്കി പുഴയുടെ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പശ്ചിമബംഗാൾ അലിപൂർദ്വാർ സ്വദേശിയായ പ്രോവത് ദാസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളെന്ന വ്യാജേനയാണ് തോട്ടത്തിൽ താമസിച്ചിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടത് തന്റെ ഭാര്യയല്ലെന്നും കുഞ്ഞ് തന്റേതല്ലെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണമെന്തെന്ന് വ്യക്തമാക്കാൻ പ്രതി ഇപ്പോഴും തയ്യാറായിട്ടില്ല. പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
