തൃശൂർ: മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി ഷൈനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. കൊടുങ്ങല്ലൂർ കുന്നംകുളം മേത്തല വെണ്ണാട്ടുവീട്ടിൽ ഷൈനെയാണ് പി.ഐ.ടി. എൻ.ഡി.പി.എസ് നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിൽ തടങ്കലിലാക്കിയത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പുതുക്കാട് വീണ്ടും മയക്കുമരുന്നുമായി പിടിയിലായതിനെ തുടർന്നാണ് നടപടി. 2022ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 1.830 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിലും 2026 ഏപ്രിലിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്ന് 90.200 ഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടിയ കേസിലും ഷൈൻ പ്രതിയാണ്.
പുതുക്കാട് കേസിൽ അറസ്റ്റിലായി ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം ജയിലിൽവച്ച് ഷൈനെ അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിച്ചാണ് കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കിയത്. പുതുക്കാട് എസ്.എച്ച്.ഒ. ആർ. രാജേഷ്, ഗ്രേഡ് സീനിയർ സി.പി.ഒ. ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
