ന്യൂഡൽഹി: മത്സര പരീക്ഷകൾക്കായി തയ്യാറാക്കിയ ഗൈഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ശക്തം. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, മംഗൾ പാണ്ഡെ തുടങ്ങിയ പ്രമുഖരുടെ പട്ടികയിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവന്ത് സർ എന്ന കോച്ചിങ് സ്ഥാപനത്തിന്റെ ഗൈഡിലെ പരാമർശമാണ് വിവാദമായത്.
പുസ്തകത്തിൽ മോദിയുടെ ‘മൈ ഭീ ചൗക്കീദാർ’, ‘ജയ് ജവാൻ, ജയ് കിസാൻ’, ‘ജയ് വിജ്ഞാൻ’, ‘ജയ് അനുസന്ധാൻ’ തുടങ്ങിയ വാചകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിലെ ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനം ശക്തമായി. ഇത്തരം പുസ്തകങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ബ്രെയിൻവാഷ് ചെയ്യുകയും ചെയ്യുന്നുവെന്നാണ് വിമർശനം.
സംഭവം തമാശയായി കാണേണ്ടതല്ലെന്നും ആശങ്കപ്പെടുത്തുന്നതാണെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. ഇന്ത്യ ഉത്തരകൊറിയയുടെ വഴിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നും സർക്കാർ അംഗീകരിച്ച ആത്മകഥ പോലെയാണിതെന്നും ഉൾപ്പെടെ നിരവധി കമന്റുകളാണ് ലഭിച്ചത്. ഹിറ്റ്‌ലറുടെ കാലത്തെ പ്രചാരണ പുസ്തകങ്ങളുമായി സംഭവത്തെ താരതമ്യം ചെയ്തവരും ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ചവരുമുണ്ട്.
