Home Nationalബ്രിക്സ് ഉച്ചകോടിക്ക് സമാപനം; ആഗോള പുരോഗതിക്ക് ‘ആയുധമാക്കൽ’ തടസ്സമാകുമെന്ന് മോദി

ബ്രിക്സ് ഉച്ചകോടിക്ക് സമാപനം; ആഗോള പുരോഗതിക്ക് ‘ആയുധമാക്കൽ’ തടസ്സമാകുമെന്ന് മോദി

by news_desk1
0 comments

ദില്ലി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ സമാപനം. സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും ആയുധമാക്കുന്നത് ആഗോള വികസനത്തിനും പുരോഗതിക്കും തടസ്സമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയുടെ സമാപനത്തിൽ രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച മോദി, ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന സംവിധാനമാണെന്നും വ്യക്തമാക്കി.

ദില്ലി ഉച്ചകോടി ബ്രിക്സിന് കൂടുതൽ ശക്തി പകർന്നെന്നും തീരുമാനങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ നടപ്പാക്കുമെന്നും മോദി പറഞ്ഞു. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്ന് ലോകം ശക്തമായ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. കൂട്ടായ ശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകൾ സാക്ഷാത്കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലി ഉച്ചകോടി വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച മോദി, അടുത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനയ്ക്ക് ആശംസകളും നേർന്നു.

ഉച്ചകോടിയുടെ സമാപനത്തിനിടെ ഇറാൻ പ്രസിഡന്റിനെ മോദി ആലിംഗനം ചെയ്തതും ശ്രദ്ധേയമായി. അതേസമയം, മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും മോദി പുറത്തുവിട്ടു.

സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും രാഷ്ട്രീയ ആയുധങ്ങളാക്കുന്നത് ആഗോള വികസനത്തിന് തിരിച്ചടിയാകുമെന്നായിരുന്നു മോദിയുടെ മറ്റൊരു പ്രധാന പരാമർശം. സുപ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാവർക്കും ലഭിക്കുന്ന തരത്തിലുള്ള ഉൾക്കൊള്ളുന്ന സമീപനത്തിനാണ് ഇന്ത്യ ഊന്നൽ നൽകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

You may also like