Home Nationalബ്രിക്‌സ് ഉച്ചകോടിക്ക് മുമ്പ് ഡൽഹിയിൽ ‘കാഴ്ചയ്ക്ക് വിലക്ക്’; ചേരികൾ തുണികൊണ്ട് മറച്ച് സർക്കാർ

ബ്രിക്‌സ് ഉച്ചകോടിക്ക് മുമ്പ് ഡൽഹിയിൽ ‘കാഴ്ചയ്ക്ക് വിലക്ക്’; ചേരികൾ തുണികൊണ്ട് മറച്ച് സർക്കാർ

by news_desk1
0 comments

ന്യൂഡൽഹി: ലോകനേതാക്കൾ തലസ്ഥാനത്തെത്തും; പക്ഷേ വഴിയരികിലെ ചേരികൾ കാണരുത്! പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ വസന്ത് വിഹാറിലെ ചേരി പ്രദേശം തുണികെട്ടി മറച്ചതിനെതിരെ വ്യാപക വിമർശനം. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലായതിനാലാണ് ചേരി വിദേശരാജ്യ തലവന്മാരുടെ കാഴ്ചയിൽപ്പെടാതിരിക്കാൻ മറച്ചതെന്നാണ് വിവരം.

സംഭവത്തിൽ ആം ആദ്മി പാർട്ടി (എഎപി) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചേരികൾ തുണികൊണ്ട് മറയ്ക്കാനാകുമെന്നും എന്നാൽ സത്യത്തെ മറയ്ക്കാനാകില്ലെന്നുമാണ് എഎപിയുടെ വിമർശനം. സർക്കാർ നടപടിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണും പാർട്ടി പങ്കുവെച്ചു.

നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള വ്യക്തി ‘വിഷൻ 2024’ എന്ന് എഴുതിയ കണ്ണാടിയിൽ നോക്കുന്നതാണ് കാർട്ടൂണിലുള്ളത്. വ്യക്തിയുടെ ശരീരത്തിൽ ‘ജിഡിപി’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം കണ്ണാടിയിൽ ഭംഗിയായി തെളിയുന്ന രീതിയിലാണ് ചിത്രം. എന്നാൽ ശരീരത്തിന്റെ ബാക്കി ഭാഗം പഴകി കീറിയ നിലയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 2.6 ശതമാനം ജിഡിപി വളർച്ച 7.8 ശതമാനമായി കണ്ണാടിയിൽ കാണിച്ചതുപോലെ യാഥാർഥ്യം മറച്ചുവെച്ചതുകൊണ്ട് അത് സത്യമാകില്ലെന്നാണ് എഎപിയുടെ വിമർശനം.

സെപ്റ്റംബർ 12, 13 തീയതികളിലാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഡൽഹിയിൽ നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ലോകനേതാക്കൾ തലസ്ഥാനത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാന പാതയോരങ്ങളിലെ ചേരികളും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും വിദേശ അതിഥികളുടെ കാഴ്ചയിൽപ്പെടാതിരിക്കാൻ സ്‌ക്രീനുകളോ പച്ചനിറത്തിലുള്ള മറകളോ മറ്റ് നിർമിതികളോ ഉപയോഗിച്ച് മറയ്ക്കുന്ന നടപടി വീണ്ടും ചർച്ചയായിരിക്കുകയാണ്.

ഡൽഹിയിൽ ഉന്നതതല അന്താരാഷ്ട്ര പരിപാടികൾ നടക്കുന്നതിന് മുന്നോടിയായി ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുള്ളത് നേരത്തെയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിലെത്തിയപ്പോഴും ചേരി പ്രദേശങ്ങൾ മറയ്ക്കുന്നതിനായി കൂറ്റൻ മതിൽ നിർമിച്ചത് വലിയ ചർച്ചയായിരുന്നു.

ബ്രിക്‌സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങുമ്പോൾ, നഗരത്തിലെ ദാരിദ്ര്യത്തിന്റെ കാഴ്ച മറയ്ക്കാനുള്ള നടപടിയാണ് ഇപ്പോൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

You may also like