കോഴിക്കോട്: മൂന്ന് ദിവസം നീളുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ സംഘടനാ രേഖ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് പരാജയങ്ങളിലെ സ്വയംവിമർശനവും തിരുത്തൽ നടപടികളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഗോവിന്ദൻ പറഞ്ഞു.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുള്ള സംഘടനാ രേഖയാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷകസംഘടനാ പ്രതിനിധികളുമാണ് രേഖയിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കില്ല. ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ചരിത്രത്തിൽ ഇല്ലാത്ത തോൽവി നേരിട്ടതിന് പിന്നാലെയാണ് സിപിഐഎം അസാധാരണമായ തിരുത്തൽ നടപടിയിലേക്ക് കടക്കുന്നത്. സാധാരണയായി മേൽഘടകം തയ്യാറാക്കുന്ന റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്ത് അംഗീകരിക്കുന്നതാണ് പാർട്ടി രീതി. ഇത്തവണ തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ ബ്രാഞ്ച് തലം മുതൽ ചർച്ച നടത്തി മേൽഘടകങ്ങളിൽ എത്തിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്നതും സാധാരണ സംഘടനാ രീതിയിൽനിന്നുള്ള മാറ്റമാണ്.
വീഴ്ചകളിലെ സ്വയംവിമർശനവും പരിഹാരമാർഗങ്ങളും ഉൾപ്പെടുന്ന മാർഗരേഖ യോഗത്തിൽ അവതരിപ്പിക്കും. ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, നേതാക്കൾ വിനയത്തോടെ പെരുമാറുക, യുവാക്കളെ ആകർഷിക്കുകയും യുവ നേതാക്കളെ വളർത്തുകയും ചെയ്യുക, വർഗ-ബഹുജന സംഘടനകളുടെ ദൗർബല്യം പരിഹരിക്കുക, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുക, കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും സജീവമാക്കുക, വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് മാർഗരേഖയിലുള്ളത്. വീഴ്ചകൾ പരിഹരിക്കാൻ വൈകിയാൽ ഇതിലും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും രേഖ മുന്നറിയിപ്പ് നൽകുന്നു.
