കൊച്ചി: ആദ്യ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. CMRL ജനറൽ മാനേജർ മനോഹർദാസിന് ED സമൻസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുന്നത്.
കമ്പനി ഓഡിറ്റർമാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് CMRL-ലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണസംഘം നീങ്ങുന്നത്. കഴിഞ്ഞ ആഴ്ച CMRL ഓഡിറ്റർമാരെ ED ചോദ്യം ചെയ്തിരുന്നു. ഓഡിറ്റർമാർക്കും ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും അന്വേഷണസംഘം സമൻസ് നൽകിയിരുന്നു.
അതേസമയം, മൊഴിമാറ്റാൻ സാധ്യതയുള്ളതിനാൽ പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് EDയുടെ വിലയിരുത്തൽ. നേരത്തെ റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്, ED ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് വാരിസ് ED ഡയറക്ടർക്ക് പിന്മാറ്റ സത്യവാങ്മൂലം നൽകിയെങ്കിലും അത് പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
പിണറായി വിജയൻ, പി എ മുഹമ്മദ് റിയാസ്, വീണ ടി എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ED ഡിജിപിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇവർക്കെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര പരാമർശങ്ങളാണ് EDയുടെ കത്തിലുണ്ടായിരുന്നത്.
വീണ വഴി പിണറായി വിജയൻ CMRL-ൽ നിന്ന് 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കത്തിലെ ആരോപണം. കൈക്കൂലി പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് അയച്ചെന്നും കത്തിൽ പറയുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭർത്താവ് കൂടിയായ റിയാസിനെയും സഹായിച്ചെന്നും ED കത്തിൽ ആരോപിച്ചിരുന്നു.
ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസ് വാഹനം ഉപയോഗിച്ചെന്നും CMRL എംഡി കൈക്കൂലി പണം നൽകിയെന്നും CMRL മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി സുരേഷ് കുമാർ കൈക്കൂലി ഇടപാടുകൾക്ക് സഹായം നൽകിയെന്നും കത്തിൽ പറയുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജൽ, പി നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി പി, നന്ദുലാൽ എം എന്നിവർ സഹായിച്ചതായും EDയുടെ കത്തിൽ പരാമർശമുണ്ട്.
ED റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, ED രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
