തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വൈദ്യുതി വാങ്ങൽ കരാറിനെക്കുറിച്ചുള്ള 2024ലെ വിജിലൻസ് റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു. യുഡിഎഫ് ഭരണകാലത്ത് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ഉണ്ടാക്കിയ കരാർ ബോർഡിന് നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കേന്ദ്ര അനുമതിയില്ലാതെ ടെൻഡർ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗുരുതര കൃത്യവിലോപം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി മുൻ ചെയർമാൻ ഉൾപ്പെടെ 17 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിരുന്നു. 465 മെഗാവാട്ടിന്റെ കരാർ റദ്ദാക്കിയില്ലായിരുന്നെങ്കിൽ നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാമായിരുന്നുവെന്ന വൈദ്യുതി മന്ത്രി ഉൾപ്പെടെയുള്ളവരുടെ വാദങ്ങൾക്കിടെയാണ് പഴയ വിജിലൻസ് റിപ്പോർട്ടും വീണ്ടും ശ്രദ്ധ നേടുന്നത്.
കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷനാണെന്നും സംസ്ഥാനത്തിന് വൈദ്യുതി നഷ്ടമാകാതിരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ മറുപടി നൽകിയിരുന്നു.
2013ലാണ് കെഎസ്ഇബി 850 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് താപനിലയങ്ങളിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ ടെൻഡർ 400 മെഗാവാട്ടിനും രണ്ടാമത്തേത് 450 മെഗാവാട്ടിനുമാണ് ക്ഷണിച്ചത്. എന്നാൽ രണ്ട് ടെൻഡറുകളിലും പങ്കെടുത്തത് ഒരേ കമ്പനികളായിരുന്നു.
ആദ്യ ടെൻഡർ 2014 ഒക്ടോബർ 31ന് തുറന്നപ്പോൾ കുറഞ്ഞ നിരക്ക് യൂണിറ്റിന് 3 രൂപ 60 പൈസയായിരുന്നു. വാഗ്ദാനം ചെയ്തത് 200 മെഗാവാട്ട്. രണ്ടാമത്തെ ടെൻഡറിൽ കുറഞ്ഞ നിരക്ക് യൂണിറ്റിന് 4 രൂപ 15 പൈസയും വാഗ്ദാനം 115 മെഗാവാട്ടുമായിരുന്നു. ആദ്യ ടെൻഡറിലെ കമ്പനിയെ 3 രൂപ 60 പൈസ നിരക്കിലേക്ക് കൊണ്ടുവരാൻ ചർച്ച നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ടെൻഡർ തുറന്നത്.
2014 നവംബർ 14ന് കുറഞ്ഞ നിരക്ക് യൂണിറ്റിന് 4 രൂപ 29 പൈസയായി നിശ്ചയിച്ചു. ഇതിന് പിന്നാലെ ആദ്യ ടെൻഡറിലെ നിരക്ക് കുറയ്ക്കാനുള്ള ചർച്ച പരാജയപ്പെട്ടു. എന്നാൽ ഊർജമന്ത്രാലയത്തിന്റെ ബിഡ് വ്യവസ്ഥകൾ മറികടന്നാണ് തുടർനടപടികൾ സ്വീകരിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തൽ.
യൂണിറ്റിന് 4 രൂപ 15 പൈസ നിരക്ക് പറഞ്ഞ കമ്പനിയുമായി കരാർ ഉണ്ടാക്കിയെന്നും രണ്ടാമത്തെ ബിഡിൽ ഉയർന്ന നിരക്ക് പറഞ്ഞ നാല് കമ്പനികളെ 4 രൂപ 29 പൈസ എന്ന നിരക്കിലേക്ക് എത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 450 മെഗാവാട്ടിന് ടെൻഡർ ക്ഷണിച്ചെങ്കിലും 550 മെഗാവാട്ടിന് കരാർ ഉണ്ടാക്കി. ആകെ ടെൻഡർ ചെയ്ത അളവിനെക്കാൾ 15 മെഗാവാട്ട് അധികമായി വൈദ്യുതി വാങ്ങാനും കരാർ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതിയും ലഭിച്ചിരുന്നു.
എന്നാൽ ഈ നടപടികളെല്ലാം ടെൻഡർ വ്യവസ്ഥകൾക്കും കേന്ദ്ര നിബന്ധനകൾക്കും വിരുദ്ധമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. രണ്ട് ബിഡുകളിലും കുറഞ്ഞ നിരക്ക് പറഞ്ഞ കമ്പനികളെ ഒഴിവാക്കി മറ്റുള്ളവരെ തിരഞ്ഞെടുത്ത് കരാറുണ്ടാക്കിയത് വ്യവസ്ഥകൾ പാലിക്കാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദീർഘകാല വൈദ്യുതി ഇടപാടിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിച്ചശേഷമേ കരാർ ഉണ്ടാക്കാവൂ എന്ന വ്യവസ്ഥയും ലംഘിച്ചെന്നാണ് കണ്ടെത്തൽ. കേന്ദ്രത്തിന്റെയോ റെഗുലേറ്ററി കമ്മീഷന്റെയോ അനുമതി വാങ്ങാതെയാണ് ടെൻഡർ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
മുൻ ചെയർമാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തെന്നും ഉദ്യോഗസ്ഥർക്കോ മറ്റുള്ളവർക്കോ സാമ്പത്തിക നേട്ടമുണ്ടായിരിക്കാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് 2024ൽ ശുപാർശ ചെയ്തത്.
