Home International‘വിശുദ്ധ നഗരത്തിന് നേരെ ആക്രമണം, ഞെട്ടലിൽ പാകിസ്ഥാൻ’; മക്കയ്ക്ക് നേരെയുള്ള ഹൂതി നീക്കത്തെ ശക്തമായി അപലപിച്ച് ഷെഹ്ബാസ് ഷെരീഫ്

‘വിശുദ്ധ നഗരത്തിന് നേരെ ആക്രമണം, ഞെട്ടലിൽ പാകിസ്ഥാൻ’; മക്കയ്ക്ക് നേരെയുള്ള ഹൂതി നീക്കത്തെ ശക്തമായി അപലപിച്ച് ഷെഹ്ബാസ് ഷെരീഫ്

by news_desk
0 comments

ഇസ്‌ലാമാബാദ്: ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ നടന്ന ഹൂതി വിമതരുടെ ആക്രമണ ശ്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോൺ മക്കയുടെ തെക്കൻ മേഖലയിൽ വെച്ച് സൗദി പ്രതിരോധ സേന തകർത്തതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വഞ്ചനാത്മകവും നീചവുമായ ഈ ആക്രമണ വാർത്ത പാകിസ്ഥാൻ ജനതയെ കടുത്ത ദുഃഖത്തിലും ആശങ്കയിലുമാഴ്ത്തിയെന്ന് ഷെഹ്ബാസ് ഷെരീഫ് കുറിച്ചു. പുണ്യസങ്കേതങ്ങളുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കാൻ സൗദി അറേബ്യയ്ക്ക് പാകിസ്ഥാന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് ഹൂതി വക്താക്കളുടെ വിശദീകരണം.

ചൊവ്വാഴ്ച മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത് സൗദിയുടെ ‘റെഡ് ലൈൻ’ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവത്തെ തുടർന്ന് 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (OIC) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ സജീവ നീക്കം നടത്തുന്നതിനിടെയാണ് ഈ പുതിയ സംഘർഷം.

You may also like