ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡയറക്ടറായ ഗൗരവ് ഗൗതമിനെ (48) ആണ് നോയിഡ സെക്ടർ 82-ലെ കേന്ദ്രീയ വിഹാർ മേഖലയിലുള്ള ഫ്ലാറ്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
സംഭവ സമയത്ത് ഗൗരവിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോൾ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. സംശയം തോന്നി സെക്യൂരിറ്റി ഗാർഡിന്റെ സഹായത്തോടെ വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വിവരമറിഞ്ഞ് ഫോറൻസിക് സംഘവും ലോക്കൽ പോലീസും സ്ഥലത്തെത്തി വിശദമായ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഫ്ലാറ്റിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വായ്പയെക്കുറിച്ചും പരാമർശമുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും കത്തിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
